മുംബൈയില്‍ നവംബര്‍ 1 മുതല്‍ 15 വരെ നിരോധനാജ്ഞ

മുംബൈ: ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരുന്നതിനും, പൊതുജാഥകള്‍ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനുമെല്ലാം നിരോധനമേര്‍പ്പെടുത്തി. എന്നാല്‍, കല്യാണം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇളവ് നല്‍കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ അതെല്ലാം വ്യാജമെന്ന് തെളിയുകയും ചെയ്തു. അതിനാല്‍, അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. പൊലീസിന്റെ കര്‍ശന നിരീക്ഷണം നഗരത്തിലാകെ ഏര്‍പ്പെടുത്തും. ജനങ്ങള്‍ സഹകരിക്കണമെന്നും അറിയിപ്പുണ്ട്.