തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജിതിൻ ജയിൽ മോചിതനായത്. നിരപരാധിയായ തന്നെ പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നൽകുമെന്നും ജിതിൻ വ്യക്തമാക്കി. ജയിൽ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം.
സർക്കാരും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എകെജി സെന്റർ ആക്രമണ കേസിൽ തന്നെ കുടുക്കിയതെന്നാണ് ജിതിൻ പറയുന്നത്. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഗൗരിശരപട്ടത്ത് ഊബർ ഓടുകയായിരുന്നു. വൈകിട്ട് 5 മണി വരെ കെഎസ്ഇബിക്കായി ഓടുന്ന വണ്ടി വൈകിട്ട് ഊബർ ഓടിക്കുന്നതാണ്. സ്കൂട്ടിയെ കുറിച്ച് അറിവൊന്നുമില്ല. അതിന്റെ വിവരങ്ങളും തെളിവുകളുമുണ്ട്. പോലീസ് പറയുന്ന സമയത്ത് വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട്. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള ഫോട്ടോകളാണ് ടീഷർട്ട് തെളിവെന്ന് സ്ഥാപിക്കാൻ അന്വേഷണ സംഘം ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

