ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ ബ്രഹ്മോസ് ന്യൂജനറേഷൻ മിസൈലുകൾ. 2025-ഓടെയാണ് നെക്സ്റ്റ് ജനറേഷൻ മിസൈലായ ബ്രഹ്മോസ് അവതരിപ്പിക്കുക. സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളിൽ മിസൈലുകൾ ഘടിപ്പിക്കുമെന്നാണ് വ്യോമസേനാ വൃത്തങ്ങൾ അറിയിക്കുന്നത്. ഭാരം കുറഞ്ഞതും ചെറുതും ഒതുക്കമുള്ളതുമാണെന്നാണ് ബ്രഹ്മോസ് അടുത്ത തലമുറ മിസൈലിന്റെ പ്രത്യേകത. അതിനാൽ ഇതിന്റെ സംവിധാനങ്ങൾ കൂടുതൽ പ്രവർത്തന ക്ഷമതയുള്ളതാകും.
സുഖോയ്-30എംകെഐ, തേജസ് എന്നിവയിൽ വഹിക്കാനുതകുന്ന തരത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിയുടെ ലഖ്നൗ നോഡിലാണ് മിസൈൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അതിന് ശേഷമാണ് മിസൈൽ നിർമാണം ആരംഭിക്കുകയെന്നും ബ്രഹ്മോസ് എയ്റോസ്പേസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതി സാധ്യതയും ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലിന് കയറ്റുമതി സാധ്യതയുണ്ടെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ എം കെ ശ്രീവാസ്തവ (റിട്ട) പറഞ്ഞു. നിരവധി രാജ്യങ്ങൾ ചെറിയ യുദ്ധവിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മോസ് അത്തരം ജെറ്റുകൾക്ക് അനുയോജ്യമാകുമെന്നാണ് ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

