ടാറ്റ മോട്ടോർസ് ബംഗാളിൽ നിന്ന് പുറത്ത് പോയതിന്റെ കാരണക്കാർ സിപിഎം; വിമർശനവുമായി മമത ബാനർജി

കൊൽക്കത്ത: സിപിഎമ്മിനെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ടാറ്റ മോട്ടോർസ് ബംഗാളിൽ നിന്ന് പുറത്ത് പോയതിന്റെ കാരണക്കാർ സിപിഎം ആണെന്നും തനിക്കോ തന്റെ പാർട്ടിക്കോ അതിൽ പങ്കില്ലെന്നും മമത ബാനർജി പറഞ്ഞു. വടക്കൻ ബംഗാളിലെ ഒരു പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമത ബാനർജിയുടെ പ്രതികരണം.

ടാറ്റയെ ഓടിച്ചത് താനല്ല. അത് ചെയ്തത് സിപിഎമ്മാണ്. നിർബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ തങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കുകയും കർഷകർക്ക് ഭൂമി തിരികെ നൽകുകയും ചെയ്തു. വിവിധ പദ്ധതികൾക്കായി തങ്ങളും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ഒരിക്കലും ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തിട്ടില്ലെന്ന് മമതാ ബാനർജി അറിയിച്ചു. തങ്ങൾ വ്യവസായികളോട് വിവേചനം കാണിക്കുന്നില്ല. പല വ്യവസായികളും ബംഗാളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. അത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. താജ്പൂർ തുറമുഖം, ദിയോച്ച-പച്ചാമി കൽക്കരി ഖനി തുടങ്ങിയ പല പദ്ധതികളുമായി തങ്ങൾ മുന്നോട്ടു പോകുകയാണെന്നും മമത ബാനർജി വിശദമാക്കി.

അതേസമയം, മമത ബാനർജിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. മമത പറഞ്ഞതിനോട് സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും യോജിക്കില്ലെന്ന് സിപിഎം നേതാവ് സുജൻ ചക്രവർത്തി വ്യക്തമാക്കി. ദേശീയപാത തടഞ്ഞത് ആരാണെന്നും ടാറ്റ സിംഗപ്പൂർ വിട്ടുപോകാൻ ആഗ്രഹിച്ചത് ആരാണെന്നും എല്ലാവരും ഓർക്കുന്നുണ്ട്. മമത ബാനർജി തന്നെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് രത്തൻ ടാറ്റ തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.