തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ 3,117 സ്ഥിരം അപകടകേന്ദ്രങ്ങളെന്ന് മോട്ടോർ വാഹന വകുപ്പ്. മൂന്നുവർഷത്തിനിടെ നടന്ന 1.01 ലക്ഷം അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ സർവേ നടത്തി മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തയ്യാറാക്കിയ ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ സ്ഥലങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഇവിടങ്ങളിൽ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
അപകട കേന്ദ്രങ്ങളെ മൂന്ന് ക്ലസ്റ്ററുകളാക്കി തരംതിരിച്ചിട്ടുണ്ട്. ഹൈറിസ്ക്, മോഡറേറ്റ് റിസ്ക്, ലോ റിസ്ക് എന്നീ വിഭാഗങ്ങളാണ് അപകട കേന്ദ്രങ്ങളെ തരംതിരിച്ചത്. 872 സ്ഥലങ്ങളാണ് ഏറ്റവും അപകടങ്ങൾ കൂടിയ (ഹൈറിസ്ക്) വിഭാഗത്തിലുള്ളത്. മാസത്തിൽ പത്തിൽ കുറയാതെ അപകടങ്ങൾ നടക്കുന്ന വിഭാഗത്തെയാണ് മോഡറേറ്റ് റിസ്ക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 821 കേന്ദ്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അഞ്ച് അപകടങ്ങൾ വരെ നടക്കുന്ന കേന്ദ്രങ്ങളെ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി. 1,424 കേന്ദ്രങ്ങളാണ് ഈ വിഭാഗത്തിൽ സംസ്ഥാനത്തുള്ളത്.
പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗമായിരുന്നു സംസ്ഥാനത്ത് ആകെയുള്ള പഠനത്തിന് നേതൃത്വം വഹിച്ചത്. എല്ലാ മൂന്നുവർഷം കൂടുമ്പോഴും സർവേ നടത്തി അപകടകേന്ദ്രങ്ങൾ പുതുക്കും. അതിനനുസരിച്ച് സുരക്ഷാപദ്ധതികൾ ആവിഷ്കരിക്കും.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സ്ഥിരം അപകടകേന്ദ്രങ്ങളുള്ളത്. 547 അപകട കേന്ദ്രങ്ങളാണ് തിരുവനന്തപുരത്തുള്ളത്. ഇവിടെ 110 തീവ്ര അപകട കേന്ദ്രങ്ങളുണ്ട്. എറണാകുളത്ത് 359 അപകടകേന്ദ്രങ്ങളുണ്ട്. ഇതിൽ 136 സ്ഥലങ്ങളും തീവ്ര അപകടകേന്ദ്രങ്ങളാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപകടകേന്ദ്രങ്ങളുള്ളത്. 54 ഇടങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിൽ ഏഴെണ്ണമാണ് സ്ഥിരം അപകട കേന്ദ്രങ്ങൾ.

