ആര്യൻ ഖാനെതിരായ ലഹരി മരുന്ന് കേസ്; എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ആര്യൻ ഖാനെതിരായ അന്വേഷണത്തിൽ സംശയകരമായ ഇടപെടലുകളുണ്ടായതായി എൻസിബി ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്.

ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകിയിരുന്നു. തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആര്യൻ ഖാൻ ഉൾപ്പെടെ ആറു പേരെ കേസിൽ കുറ്റവിമുക്തരാക്കിയത്. ഇതിന് പിന്നാലെയാണ് എൻസിബി നിയോഗിച്ച വിജിലൻസ് സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ എൻസിബി പുറത്തു വിട്ടിട്ടില്ല.

3000 പേജുള്ള അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത് ആര്യൻ ഖാനെതിരായ കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്നാണ്. ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചില്ലെന്നും പ്രതികളോട് ഉദ്യോഗസ്ഥർ പ്രത്യേകം സമീപനം സ്വീകരിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുംബൈയിലെ ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ അടക്കമുള്ളവരെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. പിന്നീട് ബോംബെ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് തെളിവില്ലെന്ന് കണ്ടെത്തിയതോടെ ആര്യൻ ഖാനെ കേസിൽ നിന്നും കുറ്റവിമുക്തനാക്കുകയായിരുന്നു.