ഇന്ത്യയിലെ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖ മറികടന്നു; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി: 2005-06 നും 2019-21 നും ഇടയിൽ ഇന്ത്യയിലെ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖ മറികടന്നുവെന്ന് കണക്കുകൾ. ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക 2022 അനുസരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയെ അഭിനന്ദിച്ചു. ചരിത്രപരമായ നേട്ടമെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്ര വികസന പദ്ധതിയും ഓക്‌സ്ഫഡ് പുവർറ്റി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവും ചേർന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

ദാരിദ്ര്യത്തിൽ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം 2030 ആകുമ്പോഴേക്കും പകുതിയാക്കാനുള്ള സുസ്ഥിര വികസന ലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾ ജീവിച്ചിരുന്നത്. എന്നാൽ, ഇന്ന് ഇന്ത്യയുടെ എംപിഐ മൂല്യവും ദാരിദ്ര്യവും പകുതിയിലേറെയായി കുറഞ്ഞു.

2005-2006ൽ 0.283 ആയിരുന്നു എംപിഐ മൂല്യം. 2015-2016ൽ ഇത് 0.122 ആയി. 2019-2021ൽ ഇത് 0.069 ആയെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 2005-2006 ൽ 55.1 ശതമാനമായിരുന്നു ഇന്ത്യയിലെ ദാരിദ്ര്യം. 2015-2016ൽ ഇത് 27.7 ശതമാനമായി കുറഞ്ഞു. 2015-2016 ൽ 16.4 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.