ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയ്ലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
2016 സെപ്തംബർ 22 ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും ജയ്ലളിതയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല.
ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കർ തുടങ്ങിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. ഇവർ നാലു പേരും വിചാരണ നേരിടണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

