തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെക്കാണോ വടക്കാണോ എന്ന് നോക്കിയല്ല, പൊതുസമീപനം എന്താണെന്ന് നോക്കിയാണ് വ്യക്തിയെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ വിശ്വാസ്യത ഏതെങ്കിലും പ്രദേശത്തെ അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളികൾക്കിടയിൽ ഐക്യം നിലനിർത്താനാണ് ശ്രമിക്കേണ്ടത്. അതിനുപകരം ജനത്തെ വിഭജിച്ച് കുറ്റപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ താരതമ്യം ചെയ്ത് സുധാകരൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
തെക്കൻ കേരളത്തിൽ നിന്നുളള നേതാക്കളെ വിശ്വസിക്കാൻ കൊളളാത്തവരാണെന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം. ഇതിനെ ധ്വനിപ്പിക്കാനായി സുധാകരൻ രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തു. രാവണ വധത്തിന് ശേഷം ശ്രീരാമ ദേവൻ ലക്ഷ്മണനും സീതാ ദേവിയ്ക്കുമൊപ്പം തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ സഹോദരനെ കടലിൽ തളളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശൂരെത്തിയപ്പോൾ ലക്ഷ്മണന്റെ മനസുമാറി പശ്ചാത്താപമുണ്ടായെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. രാമൻ ഇക്കാര്യം അറിഞ്ഞെന്നും അത് നിന്റെ തെറ്റല്ല നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണെന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചെന്നും സുധാകരൻ ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തോട് പറഞ്ഞു.

