മോദി വിരുദ്ധ പരസ്യം; കോടികള്‍ മുടക്കി ഫുള്‍ പേജില്‍ വാള്‍സ്ട്രീറ്റ് ജേണലില്‍: സംഭവത്തിന് പിന്നില്‍ ഇവര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെ 11 ഇന്ത്യക്കാരുടെ പേരുകള്‍ പരാമര്‍ശിച്ച് അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ കോടികള്‍ മുടക്കി ഒരു പേജ് ഫുള്‍ കളര്‍ പരസ്യം വന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ഒളിവില്‍ പോയ സാമ്ബത്തിക കുറ്റവാളിയായ രാമചന്ദ്രന്‍ വിശ്വനാഥനുമായി ബന്ധമുള്ള ഇന്ത്യാ വിരുദ്ധ ഗ്രൂപ്പാണ് പരസ്യം നല്‍കിയതെന്ന് കണ്ടെത്തി.

ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയ രാമചന്ദ്രന്‍ വിശ്വനാഥനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാവാം പരസ്യത്തില്‍ ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതി ജഡ്ജിമാരായ വി. രാമസുബ്രഹ്മണ്യനെയും ഹേമന്ത് ഗുപ്തയെയുമാണ് പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇന്നലെ പുറത്തിറങ്ങിയ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ധനമന്ത്രി നിര്‍മല സീതാരാമനെയും മറ്റ് 10 മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുറിച്ച് വിവാദമായ പരസ്യം പ്രസിദ്ധീകരിച്ചത്. ഇന്ത്യയെ ‘നിക്ഷേപത്തിനുള്ള സുരക്ഷിതമല്ലാത്ത സ്ഥലമാക്കി’ മാറ്റുന്ന ഉദ്യോഗസ്ഥരാണിവരെന്ന് വിശേഷിപ്പിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫ്രോണ്ടിയേഴ്‌സ് ഓഫ് ഫ്രീഡത്തിന്റെ വെബ്സൈറ്റിലേക്ക് നയിക്കുന്ന ഒരു ക്യുആര്‍ കോഡും പരസ്യത്തിലുണ്ടായിരുന്നു.

അതേസമയം, ധനമന്ത്രി നിര്‍മ്മല സീതാരാമന് പുറമെ ആന്‍ട്രിക്‌സ് ചെയര്‍മാന്‍ രാകേഷ് ശശിഭൂഷണ്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമന്‍, ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യന്‍, സിബിഐ ഡിഎസ്പി ആശിഷ് പരീഖ്, ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സാദിഖ് മുഹമ്മദ്. നൈജ്‌നാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. രാജേഷ്, പ്രത്യേക ജഡ്ജി ചന്ദ്രശേഖര്‍ എന്നിവരെയാണ് പരസ്യത്തില്‍ പരാമര്‍ശിച്ചത്.