ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കുന്നത്. ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉപദേശിക്കുന്ന രീതിയിൽ മാത്രമേ മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാകില്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി പിഡിടി ആചാരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘pleasure of the governor’ എന്നത് വാചകാർത്ഥത്തിൽ എടുക്കരുതെന്നും ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരള സർവകലാശാല സെനറ്റ് അംഗങ്ങളിൽ ചാൻസലറുടെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാൻ കാരണമായത്. ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയയും ചെയ്തിരുന്നു.

ഗവർണർ പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളും കൂടിയാണ്. വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചു ചേർത്തത്.

വി സി ഡോ. വി പി മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു. 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത്. സെനറ്റിൽ 13 പേരാണുള്ളത്. എന്നാൽ, ഇതിൽ രണ്ടു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ക്വാറം തികയ്ക്കാനുള്ള 19 പേർ പോലുമില്ലാത്തതിനാൽ യോഗം നടന്നില്ല. നിലവിലെ വിസിയുടെ കാലാവധി 24-ന് പൂർത്തിയാവും. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഈ അധികാരത്തിലായിരുന്നു ഗവർണറുടെ നടപടി.