തെക്കൻ കേരളത്തിൽ നിന്നുളള നേതാക്കൾ വിശ്വസിക്കാൻ കൊളളാത്തവർ; കെ സുധാകരൻ

കണ്ണൂർ: കേരളത്തിലെ പാർട്ടി നേതാക്കളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വടക്കൻ കേരളത്തിൽ നിന്നുളള നേതാക്കൾ ധൈര്യമുളളവരും രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കാൻ കൊളളാവുന്നവരാണെന്നുമാണ് സുധാകരൻ പറയുന്നത്. ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെക്കൻ കേരളത്തിൽ നിന്നുളള നേതാക്കളെ വിശ്വസിക്കാൻ കൊളളാത്തവരാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. ഇതിനെ ധ്വനിപ്പിക്കാനായി സുധാകരൻ രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തു. രാവണ വധത്തിന് ശേഷം ശ്രീരാമ ദേവൻ ലക്ഷ്മണനും സീതാ ദേവിയ്ക്കുമൊപ്പം തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ സഹോദരനെ കടലിൽ തളളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശൂരെത്തിയപ്പോൾ ലക്ഷ്മണന്റെ മനസുമാറി പശ്ചാത്താപമുണ്ടായെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. രാമൻ ഇക്കാര്യം അറിഞ്ഞെന്നും അത് നിന്റെ തെറ്റല്ല നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണെന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചെന്നും സുധാകരൻ മാദ്ധ്യമത്തോട് പറഞ്ഞു.

തന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന വ്യക്തമാക്കിയ കെ സുധാകരൻ ശശി തരൂരിനെ കുറിച്ചും സംസാരിച്ചു. തരൂർ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. എന്നാൽ സംഘടനാ കാര്യങ്ങളിൽ തരൂരിന് പ്രവർത്തന പാരമ്പര്യമില്ല. വെറും ട്രെയിനിയാണ് തരൂർ. രാഷ്ട്രീയമണ്ഡലത്തിൽ തരൂരിന്റെ അനുഭവം പരിമിതമാണ്. ബുദ്ധിയും സാമർദ്ധ്യവും പോര ജനാധിപത്യ രാഷ്ട്രത്തിൽ നയിക്കാനുളള കഴിവാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.