തിരുവനന്തപുരം: സംസ്ഥാനത്ത് എന്ഡോസള്ഫാന് ഇരകള്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില് നടത്തുന്ന നിരാഹാര സമരം രേഖാമൂലം ഉറപ്പ് നല്കിയാല് മാത്രമേ അവസാനിപ്പിക്കൂ എന്ന് ദയാബായി പറഞ്ഞു. സമരം അവസാനിപ്പിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടിരുന്നു. സമരസമിതിയുമായി ഫലപ്രദമായ ചര്ച്ചയാണ് നടത്തിയതെന്ന് മന്ത്രിമാരായ ആര് ബിന്ദുവും വീണാ ജോര്ജും വ്യക്തമാക്കി.
‘സമരസമിതി മുന്നോട്ട് വെച്ച ആശയങ്ങള് അംഗീകരിക്കും. കാസര്കോട്ടെ ആശുപത്രി വികസനം സര്ക്കാരിന്റെ ലക്ഷ്യമാണ്. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി ഉറപ്പ് നല്കി. കാസര്കോട് ജില്ലയ്ക്ക് വേണ്ടിയും എന്ഡോസള്ഫാന് ബാധിതര്ക്ക് വേണ്ടിയും സര്ക്കാര് ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങള് ചര്ച്ച ചെയ്തു. സമരത്തില് ഉന്നയിച്ചിരിക്കുന്ന എയിംസ് വിഷയത്തില് സര്ക്കാര് ഇതിനോടകം തീരുമാനമെടുത്തതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരില് സ്ഥലം കണ്ടത്തുന്നത് ഉള്പ്പെടെയുള്ള കാര്യങ്ങളുമായി സര്ക്കാര് മുന്നോട്ട് പോയി കഴിഞ്ഞു’- മ്ന്ത്രി ആര്. ബിന്ദു അറിയിച്ചു.
അതേസമയം, കാസര്കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പ്രധാന ആവശ്യവുമായി കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില് ദയാബായി സമരം നടത്തുകയാണ്. ജില്ലയില് ആശുപത്രി സംവിധാനങ്ങള് പരിമിതമാണ്. പുതിയ എന്ഡോസള്ഫാന് ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല് ക്യാമ്ബുകള് അഞ്ചുവര്ഷമായി നടക്കുന്നില്ല. ഡേ കെയര് സെന്ററുകളും ഫലപ്രദമായി നടക്കുന്നില്ല. മതിയായ ചികിത്സകിട്ടാതെ ഇരുപതോളം പേരാണ് മരിച്ചതെന്ന് ഇവര് ചൂണ്ടിക്കാട്ടുന്നു. ദുരിതമേഖലയിലെ ദിനപരിചരണകേന്ദ്രങ്ങളില് 18 വയസ്സുവരെമാത്രമാണ് പരിചരണം ലഭിക്കുന്നത്. 18 കഴിഞ്ഞാല് ഇവര് വീടുകളില്ത്തന്നെ കഴിയേണ്ട അവസ്ഥയാണ്. സന്നദ്ധകൂട്ടായ്മ നടത്തുന്ന ‘സ്നേഹവീട്’ മാത്രമാണിപ്പോള് ആശ്വാസം. രോഗബാധിതരെ രാവിലെ കൊണ്ടുപോയി വൈകീട്ട് തിരികെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്.

