ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; പ്രവചനവുമായി ഐഎംഎഫ്

കൊച്ചി: സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റം കരസ്ഥമാക്കി ഇന്ത്യൻ വിപണി. അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെയും മികച്ച ഐടി റിസൾട്ടുകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ വിപണി വളർച്ച കരസ്ഥമാക്കിയത്. ബാങ്കിങ് സെക്ടറും മുന്നേറ്റം നേടി.

ലോക ബാങ്കിന്റെയും, രാജ്യാന്തര നാണ്യനിധിയുടെയും സംയുക്ത വാർഷിക യോഗത്തിൽ ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജീവ ഇന്ത്യയെ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ‘ബ്രൈറ്റ് സ്‌പോട്ട്’ അല്ലെങ്കിൽ ‘ഡാർക്ക് ഹൊറൈസൺ’ എന്നാണ് വിശേഷിപ്പിച്ചത്. 2028 സാമ്പത്തിക വർഷത്തിൽ 4.94 ട്രില്യൺ ഡോളർ വലുപ്പമുള്ള ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

എന്നാൽ, കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അകലം കുറയാതെ നിൽക്കുന്നതും ഡോളറിനെതിരെ രൂപയുടെ വില കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ പാദത്തിൽ മുൻ വർഷത്തിൽനിന്നും 20% വർധനവോടെ 10,606 കോടി രൂപയുടെ അറ്റാദായം നേടിയത് വിപണിക്ക് അനുകൂലമാണ്.

കഴിഞ്ഞ പാദത്തിൽ 9,196 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 21,021 കോടി രൂപയുടെ പലിശ വരുമാനവും ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. ടിസിസിന്റെയും ഇൻഫോസിസിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ ഐടി കമ്പനികൾ കഴിഞ്ഞ ആഴ്ച മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചത് വിപണിക്ക് അനുകൂലമാണ്. ഇൻഫോസിസും, എച്ച്‌സിഎൽ ടെക്കും അടക്കമുള്ള കമ്പനികൾ മുൻ പാദത്തിൽ ഇന്നും മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വിപണിയ്ക്ക് കരുത്താകുന്നുണ്ട്.