വനിതാ ഏഷ്യാകപ്പ്: തായ്‌ലാന്റ് വീണു, ഇന്ത്യ ഫൈനലില്‍

ധാക്ക: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സെമിയില്‍ തായ്ലാന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്ലാന്റിന് 20 ഓവറില്‍ 74 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മ്മയുടെ ബൗളിംഗ് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ജയിച്ചത്.

ബംഗ്ലാദേശിലെ സില്‍ഹെറ്റില്‍ വച്ച് നടന്ന മത്സരത്തില്‍ ഷഫാലി വര്‍മ്മയുടെ ഇന്നിംഗ്സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 28 പന്തില്‍ 42 റണ്‍സെടുത്ത ഷഫാലി വര്‍മ്മയാണ് മത്സരത്തിലെ താരം. 36 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറും 27 റണ്‍സുമായി ജമീമ റോഡ്രിഗസും ഷഫാലിക്ക് മികച്ച പിന്തുണ നല്‍കി.

ഫൈനലില്‍ രണ്ടാം സെമിയിലെ വിജയിയാകുന്ന ടീമിനെ ഇന്ത്യ നേരിടും. രണ്ടാം സെമിയില്‍ പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. ഇതുവരെ നടന്ന എട്ട് വനിതാ ഏഷ്യാകപ്പുകളിലും ഫൈനലില്‍ എത്തിയ ഏക ടീമാണ് ഇന്ത്യ. ഏഴു തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു.