തൃശ്ശൂർ: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് രചിച്ച പുസ്തകം ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ വില 250 രൂപയാണ്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെ പുറത്തിറക്കിയിരിക്കുന്ന പുസ്തകം ആമസോണിലും ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും പുസ്കത്തിൽ വിവരിക്കുന്നുണ്ട്്. ശിവശങ്കറുമൊത്തുള്ള സ്വപ്നയുടെ ഫോട്ടോകളും പുസ്തകത്തിൽ കാണാം.
സ്വപ്നയുടെ പുസ്തകത്തിൽ മുഖ്യമന്ത്രിക്കെതിരെയും പരാമർശമുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016-ലാണ് താൻ ശിവശങ്കറിനെ പരിചയപ്പെടുന്നത്. തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016 ൽ ദുബായിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കർ പറഞ്ഞ പ്രകാരം താൻ കടത്തി നൽകി. അതിൽ കറൻസിയായിരുന്നു. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കർ പറഞ്ഞത് എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂർവ്വം മറന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് സ്വപ്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നത്.
ശിവശങ്കർ തന്നെ പാർവ്വതിയെന്നാണ് വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് തന്നോടുള്ള പ്രണയം. തന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാർവ്വതിയായിരുന്നുവെന്നും സ്വപ്ന വിശദമാക്കുന്നു. ശിവശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന് പേര് നൽകിയിരിക്കുന്നത് പോലും.

