ന്യൂഡൽഹി: 2016 ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും റിസർവ്വ് ബാങ്കിനും നോട്ടീസയച്ച് സുപ്രീം കോടതി. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ ഉൾപ്പെടെ വിശദമായി സമർപ്പിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം 9 ന് ഹർജികൾ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയമായി മാത്രമായി കണ്ട് തള്ളാനാകില്ലെന്നാണ് ജസ്റ്റിസ് എൻ എ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചത്.
അതേസമയം, കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞ ദിവസം വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരം അക്കാദമിക് വിഷയങ്ങളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിലയേറിയ സമയം പാഴാക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്ന് ഭരണഘടനാ ബെഞ്ച് മുൻപാകെ ഒരു വിഷയം ഉന്നയിക്കപ്പെടുമ്പോൾ അതിലൊരു മറുപടി നൽകാൻ ബാദ്ധ്യതയുണ്ടെന്ന് മുതിർന്ന ജസ്റ്റിസ് എസ്.എ നസീർ അറിയിച്ചു.

