ലണ്ടന്: ബ്രിട്ടനില് എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്ന്ന് ഒന്നാം കിരീടാവകാശിയായ മൂത്തമകന് ചാള്സ് മൂന്നാമന് രാജാവിന്റെ കിരീടധാരണം മേയ് ആറിന് നടക്കുമെന്ന് ബക്കിങ്ങാം കൊട്ടാരം ഇന്നലെ വൈകിട്ട് അറിയിച്ചു. ഇതോടൊപ്പം ചാള്സിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീന് കണ്സോര്ട്ട്) അവരോധിക്കപ്പെടും. കാന്റര്ബറി ആര്ച്ച്ബിഷപ് റവ. ഡോ. ജസ്റ്റില് വെല്ബിയുടെ മുഖ്യകാര്മികത്വത്തിലാകും ചടങ്ങുകള്. ആര്ച്ച്ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക.
രാജാവിന്റെ എല്ലാ ചുമതലകളും ഇപ്പോള് വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കന് സഭയുടെ തലവന്കൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയല് ക്രൗണ് (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കിരീടധാരണ ചടങ്ങിലാണ്. ഇന്ത്യയില്നിന്നുള്ള കോഹിനൂര് രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.
അതേസമയം, ലോകനേതാക്കള് ഉള്പ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികള് ചടങ്ങില് പങ്കെടുക്കും. കിരീടധാരണസമയത്ത് ചാള്സിന് 74 വയസ് പൂര്ത്തിയാകും. 900 വര്ഷത്തെ ചരിത്രത്തില് ബ്രിട്ടനില് സ്ഥാനമേല്ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാള്സ് മൂന്നാമന്.

