പിടിമുറുകുന്നു; കെഎസ്ആര്‍ടിസി ഉള്‍പ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: സംസ്ഥാനത്ത് 10 ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഒരു കെഎസ്ആര്‍ടിസി ബസും ഒരു സ്വകാര്യ ബസും ഉള്‍പ്പെടെയാണ് നിയമ നടപടി നേരിട്ടത്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകള്‍ 321 ബസുകളില്‍ കണ്ടെത്തുകയും നിയമലംഘനത്തിന് 398 ബസുകള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റുന്നതിനെതിരെ സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ ഗതാഗത മന്ത്രിയെ കാണും. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരെ ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്നും അത്തരം ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വിനോദയാത്ര നടത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടിയെടുക്കും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍, ലൈറ്റുകള്‍, ഗ്രാഫിക്‌സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.