ഗവർണറുടെ അന്ത്യശാസനം തള്ളി ഇടത് സെനറ്റ് അംഗങ്ങൾ; കേരള സർവകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞു

തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് വിളിച്ചു ചേർത്ത കേരള സർവകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞു. വിസി നിർണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ചൊവ്വാഴ്ച്ചയ്ക്ക് മുൻപ് നിശ്ചയിക്കണമെന്ന് ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് സെനറ്റ് യോഗം വിളിച്ചു ചേർത്തത്.

19 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. എന്നാൽ, വിസിയും ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. യുഡിഎഫ് സെനറ്റ് അംഗങ്ങൾ യോഗത്തിനെത്തിയിരുന്നു. ഇടതു മുന്നണി അംഗങ്ങൾ സെനറ്റിൽ പങ്കെടുക്കാതെ വിട്ടുനിന്നു. മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് സെനറ്റ് അംഗങ്ങൾ വിട്ടുനിന്നത്.

യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങൾ പറയുന്നത്. ഇന്ന് സെനറ്റ് യോഗം വിളിച്ച നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സെനറ്റ് ഒരു പ്രമേയം പാസ്സാക്കിയാൽ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 20 ന് ചേർന്ന സെനറ്റ് കൈക്കൊണ്ട തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേർക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.