റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭയിൽ എതിർപ്പുമായി ഇന്ത്യ; റഷ്യക്കെതിരെ വോട്ട് ചെയ്തു

ന്യൂയോർക്ക്: റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭയിൽ എതിർപ്പുമായി ഇന്ത്യ. യുക്രൈനിലെ നാല് പ്രദേശങ്ങൾ നിയമ വിരുദ്ധമായി പിടിച്ചടക്കിയതിനെ അനുകൂലിക്കുന്നതിനുള്ള കരട് പ്രമേയത്തിൽ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ വോട്ട് ചെയ്തു. ഈ വിഷയത്തിൽ പൊതു വോട്ടെടുപ്പ് വേണമെന്നതിനെ അനുകൂലിച്ചാണ് ഇന്ത്യ വോട്ട് ചെയ്തത്.

മറ്റ് 100 രാജ്യങ്ങളും ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടുണ്ട്. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങൾ റഷ്യയെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇറാൻ, ചൈന ഉൾപ്പെടെയുള്ള 39 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അതേസമയം, ആവശ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് റഷ്യ അപ്പീൽ നൽകിയിട്ടുണ്ട്.

യുക്രൈനിലെ വിവിധ ഭാഗങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. ക്രിമിയയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രൈൻ തകർത്തെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് മിസൈൽ ആക്രമണം നടന്നത്. രാജ്യം ഭീകരപ്രവർത്തകരെ നേരിടുകയാണെന്നും ഡസൻ കണക്കിന് മിസൈൽ ആക്രമണങ്ങൾ നടത്തിയതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു.

യുക്രൈനിൽ സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിൽ ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തു. യുക്രൈനിലുണ്ടായ റഷ്യൻ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്.

യുക്രൈനിൽ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും സാധാരണ പൗരന്മാരുടെ മരണവും ആശങ്കപ്പെടുത്തുന്നതാണ്. പരസ്പരമുള്ള വിരോധം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സമവായചർച്ചയുടേയും പാതയിലേക്ക് എത്രയും വേഗം മടങ്ങാനും തങ്ങൾ അഭ്യർത്ഥിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. പ്രശ്നപരിഹാരം ലക്ഷ്യം വെച്ചുള്ള എല്ലാ ശ്രമങ്ങളെല്ലാം പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നു.