മഞ്ചേരി ഗ്രീന്‍വാലി റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് റിക്രൂട്ട്‌മെന്റ് രേഖകളും എന്‍ഐഎ സംഘത്തിന്‌

മലപ്പുറം: മഞ്ചേരി ഗ്രീന്‍ വാലിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ എന്‍ഐഎ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ രേഖകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതായും എന്‍ഐഎ വ്യക്തമാക്കി.

ഗ്രീന്‍വാലി പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടും ഗ്രീന്‍ വാലിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ടു ഹാര്‍ഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ വിദ്യാര്‍ഥികളില്‍ വര്‍ഗീയത വിതയ്ക്കുന്ന പുസ്തകങ്ങളുടെ വന്‍ ശേഖരം കണ്ടെത്തുകയും ഇവ രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാന്‍ പ്രേരിപ്പിച്ചിരുന്ന പുസ്തക ശേഖരമാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിലേക്ക് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിന്റെ രേഖകളും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, രാത്രി എട്ടു മണിക്ക് തുടങ്ങിയ പരിശോധന പതിനൊന്ന് മണി വരെ നീണ്ടു നിന്നു. അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നല്‍കിയതിനുള്ള തെളിവും കണ്ടെത്തി.