തിരുവനന്തപുരം: സംസ്ഥാനത്ത് പാല്വില കൂട്ടാനൊരുങ്ങി മില്മ. ഉല്പാദനച്ചെലവ് വര്ധിച്ചതും ക്ഷീരകര്ഷകരുടെ ആവശ്യവും കണക്കിലെടുത്ത് ഡിസംബറിലോ ജനുവരിയിലോ വില വര്ധിപ്പിക്കാനാണ് നീക്കം. 2019-ല് നാലുരൂപ വര്ധിപ്പിച്ചിരുന്നു.
അതേസമയം, വില കൂട്ടുന്നത് പഠിക്കാനായി വെറ്ററിനറി സര്വകലാശാലാ ഡയറി വിഭാഗത്തിലെയും അമ്പലവയല് റീജണല് അഗ്രിക്കള്ച്ചറല് റിസര്ച്ച് സ്റ്റേഷനിലെയും ഓരോ പ്രതിനിധികളടങ്ങിയ രണ്ടംഗ സമിതിയെ മില്മ ഫെഡറേഷന് നിയോഗിച്ചു. ഈ റിപ്പോര്ട്ടും കൂടി കണക്കിലെടുത്താവും അന്തിമതീരുമാനം. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്ഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടും. വില എത്രവരെ കൂട്ടിയാല് ലാഭകരമാകും എന്നതാകും ആരായുക.
കഴിഞ്ഞമാസം ചേര്ന്ന ബോര്ഡ് യോഗത്തില് എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള് ലിറ്ററിന് നാലുരൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാല് വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മില്മ സര്ക്കാരിനെ അറിയിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതിനാല് കാലിത്തീറ്റ വിലയും വര്ധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്-സേവന നികുതി ഏര്പ്പെടുത്തിയതോടെ ഇവയുടെ വില ജൂലായ് 18 മുതല് വര്ധിപ്പിച്ചിരുന്നു.

