സ്വര്‍ണക്കടത്ത് കേസ്: രേഖകളില്ലാതെ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം രേഖകളുടെ പിന്‍ബലം ഇല്ലാതെ അനാവശ്യമായി ഉന്നയിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇഡിയോട് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെയാണ് ആരോപണം എന്ന് ചൂണ്ടിക്കാട്ടിയത്‌.

അതേസമയം, മുഖ്യമന്ത്രിയെ കൂടാതെ കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ സ്പീക്കര്‍, മുന്‍ മന്ത്രി എന്നിവര്‍ക്ക് എതിരെയും ആരോപണം ഉണ്ടെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. കേസില്‍ കക്ഷി ചേരാനായി കേരളം നല്‍കിയ അപേക്ഷയില്‍ സ്വപ്ന സുരേഷിന്റെ മൊഴി കാരണം സംസ്ഥാനത്ത് കലാപം ഉണ്ടായി എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ ഉചിതമായ ഘടകമാണിത്. ഉന്നതരുടെ പേരുകള്‍ പറയരുത് എന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നപ്പോള്‍ സ്വപ്ന മജിസ്‌ട്രേറ്റ് കോടതിയോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതില്‍ കോടതി ഇടപെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കേസില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്ന എം ശിവശങ്കറിന് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ ഇ.ഡിയുടെ ഹര്‍ജിയിലെ മറ്റ് എതിര്‍കക്ഷികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചില്ല. അടുത്ത വ്യാഴാഴ്ച ഹര്‍ജിയില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.