മൊഹ്സാന: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ത്രിദിന ഗുജറാത്ത് സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ആദ്യ ദിവസം തന്നെ അദ്ദേഹം മൊധേര സന്ദർശിച്ചു. നെറ്റ് റിന്യൂവബിൾ എനർജി ജനറേറ്ററായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമായി മൊധേരയെ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. മൊധേരയിലെ ജനങ്ങൾ സൗരോർജ്ജം ഉപയോഗിച്ചതിന് ശേഷം വൈദ്യുതി ബില്ലിൽ 60% മുതൽ 100% വരെ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതിക്ക് അധികം പണം ചെലവഴിക്കേണ്ടി വരുന്നില്ല. ജനങ്ങൾ വൈദ്യുതി വിൽക്കാനും അതിൽ നിന്ന് സമ്പാദിക്കാനും തുടങ്ങി. കുറച്ചുകാലം മുമ്പ് വരെ സർക്കാർ പൗരന്മാർക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നെങ്കിൽ, ഇപ്പോൾ പൗരന്മാർക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ടെന്നും മൊധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

