സീയും സോണിയും ലയനത്തിനൊരുങ്ങുന്നു

സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയും ഇനി ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കും. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്ബനികളായി ഈ സ്ഥാപനങ്ങള്‍ മാറും. 2021 സെപ്തംബര്‍ മാസത്തിലാണ് ഇരുകമ്ബനികളും ലയനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയത്.

ലയനത്തിനുള്ള അനുമതിക്കായി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2022 ജൂലൈ 29 നാണ് അപേക്ഷ നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ശേഷം 2021 ഡിസംബറില്‍ തന്നെ ഡയറക്ടര്‍ ബോര്‍ഡ് ലയനത്തിനുള്ള അംഗീകാരം നല്‍കിയിരുന്നു.

ലയന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ, സോണി മാക്‌സ്, സീ ടിവി തുടങ്ങിയ ചാനലുകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് എന്നിവയും പുതിയ സ്ഥാപനത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ സ്ഥാപനത്തില്‍ സോണിക്ക് 50.86 ശതമാനവും, സീ എന്റര്‍ടൈന്‍മെന്റിന് 3.99 ശതമാനവും, സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15 ശതമാനവുമാണ് പങ്കാളിത്തം ഉണ്ടാവുക.