ഇന്ത്യയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയങ്ങള്‍ ഇവ

ഗുജറാത്തിലെ അഹമദാബാദില്‍ നിര്‍മ്മിച്ച നരേന്ദ്രമോദി സ്റ്റേഡിയമാണ് നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഇവിടെ 1,10,000 പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ കഴിയും. ഇതു കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്റ്റേഡിയങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. ഈ സ്റ്റേഡിയങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന സ്റ്റേഡിയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ജയ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം, രാജസ്ഥാന്‍

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിലവില്‍ സവായ് മാന്‍സിങ് എന്ന സ്റ്റേഡിയമുണ്ട്. ഐപിഎല്‍ ഫ്രാഞ്ചസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ടാണ് സവായ് മാന്‍സിങ്. എന്നാല്‍ നഗരത്തില്‍ മറ്റൊരു സ്റ്റേഡിയം കൂടി ഒരുങ്ങുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ പേരിട്ടിട്ടില്ലാത്ത സ്റ്റേഡിയത്തിന് 75,000 ഇരിപ്പിടങ്ങളുണ്ടാകും.

ഗ്വാളിയോര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഡബിള്‍ സെഞ്ച്വറി അടിച്ച വേദിയാണ് ഗ്വാളിയോര്‍. നഗരത്തിന് പുതിയ ഒരു സ്റ്റേഡിയം കൂടി ലഭിക്കും. ഈ സ്റ്റേഡിയത്തിന് 50,000 കപ്പാസിറ്റിയുണ്ടാകും.

നളന്ദ ക്രിക്കറ്റ് സ്റ്റേഡിയം

ബിഹാറിലെ രാജ്ഗിറില്‍ നിര്‍മ്മിക്കുന്ന പുതിയ സ്റ്റേഡിയത്തിന് നളന്ദ ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രാജ്യത്തിന് സമര്‍പ്പിച്ചേക്കും. ഇവിടെ 40,000 ഇരിപ്പിടങ്ങള്‍ സജ്ജമാക്കും.

എസിഎ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ മംഗലഗിരിയില്‍ ഉയരുന്ന പുതിയ സ്റ്റേഡിയമാണ് എസിഎ. ഇവിടെ 35,000 സീറ്റിങ് കപ്പാസിറ്റിയുണ്ടാകും.

ഉദയ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം

നിരവധി ക്രിക്കറ്റ് സ്റ്റേഡിയങ്ങളുളള സംസ്ഥാനമാണ് രാജസ്ഥാന്‍. ജയ്പൂരിനും ജോധ്പൂരിനും പുറെ ഉദയ്പൂരിനും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ലഭിക്കും. വരും കാലങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഉദയ്പൂരും വേദിയാകും. പുതിയ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പണി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ബറോഡ സ്റ്റേഡിയം

ഇന്ത്യന്‍ ക്രിക്കറ്റിന് ഒട്ടേറെ കളിക്കാരെ സംഭാവന ചെയ്ത നഗരമാണ് ബറോഡ. നഗരത്തിന് വരും നാളുകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച സ്റ്റേഡിയം ലഭിക്കും. അടുത്ത വര്‍ഷം തന്നെ ഇവിടെ ഒരു രാജ്യാന്തര മത്സരത്തിന് വേദിയാകുമൈന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ശീതള്‍ മേത്ത പറഞ്ഞു. ബറോഡയിലെ കോട്ടാമ്ബിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന് 30,000 സ്റ്റേഡിയത്തില്‍ ഒരുക്കും.