ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാം; അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഗോതമ്പ് സംസ്‌കരണ യൂണിറ്റുകളുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിനായി സംസ്‌കരണ യൂണിറ്റുകൾക്ക് നികുതി രഹിത ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള അനുവാദം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ മാസം ഗോതമ്പ് മാവിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു ഗോതമ്പ് പൊടിയുടെ ആഭ്യന്തര വിലക്കയറ്റം തടയാൻ വേണ്ടിയായിരുന്നു നടപടി. റഷ്യ – യുക്രൈൻ യുദ്ധം കാരണം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ഗോതമ്പിനായി ഇന്ത്യയെ സമീപിച്ചിരുന്നു. ഗോതമ്പ് ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയിലേക്കായിരുന്നു ലോക രാജ്യങ്ങളുടെ കണ്ണ്. ഇതോടെയാണ് ഇന്ത്യൻ ഗോതമ്പിന്റെ ആവശ്യകത വർദ്ധിച്ചത്.

ഏകദേശം 96,000 ടൺ ഗോതമ്പ് മാവാണ് ഇന്ത്യ 2022 ഏപ്രിലിൽ കയറ്റുമതി ചെയ്തത്. 2021 ഏപ്രിലിൽ 26,000 ടണ്ണായിരുന്നു ഗോതമ്പ് മാവിന്റെ കയറ്റുമതി. 2022 ഏപ്രിൽ-ജൂലൈ കാലയളവിൽ രാജ്യത്തെ ഗോതമ്പ് മാവ് കയറ്റുമതി 200 ശതമാനം ഉയർന്നു.