തിരുവനന്തപുരം: കോവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പി പി ഇ കിറ്റ് പർച്ചേസിൽ വീഴ്ച്ചയില്ലെന്നും കെ കെ ശൈലജയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങൾ വാങ്ങിക്കാൻ അവകാശമുണ്ട്. ആരോഗ്യ മന്ത്രിയായിരിക്കെ ശൈലജ അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. എൽദോസ് കുന്നിപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളാണ്. ഹാബിച്വൽ ക്രിമിനൽ ആണ് അയാൾ. യഥാർത്ഥത്തിൽ എംഎൽഎ ആയിരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത ആളാണ് എൽദോസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽദോസ് കുന്നിപ്പിള്ളിയ്ക്ക് മുൻകൂർ ജാമ്യം കിട്ടുകയോ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കുകയോ ചെയ്താൽ കോൺഗ്രസുകാർ സ്വീകരണം നൽകുകയും ചെയ്യും. എംഎൽഎയുടെ രാജി കോൺഗ്രസുകാരോട് ആവശ്യപ്പെട്ടിട്ടെന്ത് കാര്യം എന്നും ജയരാജൻ ചോദിച്ചു. കോവളം സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം വിമർശിച്ചു.

