വയലാർ പുരസ്‌കാരം പ്രഖ്യാപിച്ചു; പുരസ്കാര തിളക്കത്തിൽ എസ് ഹരീഷിന്റെ മീശ എന്ന നോവൽ

തിരുവനന്തപുരം: വയലാർ പുരസ്‌കാരം പ്രഖ്യാപിച്ചു. എസ്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് നാൽപ്പത്താറാമത് വയലാർ പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത് ശിൽപവും അടങ്ങിയതാണ് പുരസ്‌കാരം. സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. വയലാറിന്റെ ജന്മദിനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാർ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഹരീഷിന്റെ ആദ്യ നോവലാണ് മീശ. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീർണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ കൃതിയാണെന്ന് പുരസ്‌കാരസമിതി വ്യക്തമാക്കി.

രസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ (കഥാസമാഹാരങ്ങൾ), ആഗസ്റ്റ് 17 (നോവൽ), ഗൊഗോളിന്റെ കഥകൾ (വിവർത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റ് കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവൽ പുരസ്‌കാരങ്ങൾ, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.