കാനഡയിലെ ഖലിസ്ഥാന്‍ വിഘടനവാദ ഹിതപരിശോധന ആക്ഷേപകരം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കാനഡയില്‍ നടക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദ ഹിതപരിശോധന ആക്ഷേപകരമാണെന്നും ഇന്ത്യയുമായി സൗഹൃദമുള്ള ഒരു രാജ്യത്ത് ഇത്തരം പ്രവൃത്തികള്‍ അനുവദിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

‘1985ല്‍ മോണ്‍ട്രിയലില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ 182 വിമാനം ഖാലിസ്ഥാനി ഭീകരര്‍ ബോംബ് വച്ചതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ ഒരു സ്യൂട്ട്കേസിനുള്ളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 31,000 അടി ഉയരത്തില്‍ പറക്കവെ ഐറിഷ് വ്യോമാതിര്‍ത്തിയില്‍ വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു. ഇത്തരം പ്രതിഷേധാര്‍ഹമായ ഹിത പരിശോധനകള്‍ ഒരു സൗഹൃദ രാജ്യത്ത് അനുവദിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ ഞങ്ങളുടെ ആശങ്കകള്‍ കനേഡിയന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്ങനെയാണ് ഇത്തരം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ വര്‍ദ്ധിക്കുന്നതെന്നും അത് ഇന്ത്യക്കാര്‍ക്ക് എങ്ങനെ അപകടമുണ്ടാക്കുന്നുവെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കനിഷ്‌ക ബോംബ് സ്‌ഫോടനം നാം മറക്കരുത്. എസ്എഫ്‌ജെയെ ഇന്ത്യ ഇതിനകം നിരോധിച്ചിട്ടുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കനേഡിയന്‍ സമൂഹത്തില്‍ പ്രചരിക്കുന്ന ഇന്ത്യാ വിരുദ്ധ വിദ്വേഷവും ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നും ഇന്ത്യ വിമര്‍ശിച്ചു. എന്നാല്‍, ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സംഘടനകളുടെ അവകാശത്തിനെതിരെ നടപടി എടുക്കാനാവില്ലെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ നിലപാട്.