‘മയക്കുമരുന്ന് മുക്ത സംസ്ഥാനം ഏതു വിധേനയും സാധ്യമാക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘അധികാരത്തിന്റെ ഭാഷയില്‍ അല്ല.മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുന്നു.മയക്കുമരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയണം. തലമുറ നശിച്ചു പോകും. സര്‍വനാശം ഒഴിവാക്കണം.അറിഞ്ഞ പല കാര്യങ്ങളും പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല. അതിശയോക്തി അല്ല. സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാന്‍ ആവാത്ത വിധം നശിക്കുന്നു. വലിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിന്‍. ലഹരി സംഘങ്ങള്‍ കുട്ടികളെ ലക്ഷ്യം വെക്കുന്നു. കുട്ടികളെ ഏജന്റുമാര്‍ ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ വഴിയില്‍ കാത്തു നില്‍ക്കുന്ന ഭൂതങ്ങളാണ്. ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ചോക്കലെറ്റ് നല്‍കുന്നു. എന്തും ചെയ്യുന്ന ഉന്മാദ അവസ്ഥയിലേക്ക് എത്തുന്നു. മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്. കണ്ടെത്താന്‍ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം.കുട്ടികളെ കാര്യര്‍മാര്‍ ആക്കുന്നു. പിന്നില്‍ അന്താരാഷ്ട്ര മാഫിയകള്‍. സര്‍ക്കാര്‍ ലഹരി വിരുദ്ധ കാമ്പയിന് നല്‍കുന്നത് വലിയ പ്രാധാന്യം. മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം.ഏതു വിധേനയും സാധ്യമാക്കും.അസാധ്യം എന്ന് തോന്നുന്നുണ്ടാവാം. അമ്മമാരുടെ കണ്ണീര്‍ തുടക്കണം. ഇത് കൂട്ടായ പോരാട്ടം. ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാല്‍ ജീവിതം വിജയിച്ചു. തോറ്റാല്‍ മരണം. അത്ര ഗൗരവം’

അതേസമയം, സംസ്ഥാനത്ത് ഒരുമാസം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 9ന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ലഹരി വിരുദ്ധ സഭ നടത്തും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌ററേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസ്സുകള്‍ നടത്തും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിക്കും