പ്രതീക്ഷ മനസാക്ഷി വോട്ടില്‍; കെ സുധാകരനുമായി സംസാരിച്ചുവെന്നും തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പറഞ്ഞു.

‘പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാല്‍ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാര്‍ അഭിപ്രായം പറഞ്ഞത് മാര്‍ഗനിര്‍ദേശത്തിന് മുന്‍പാണ്. കെ സുധാകരനുമായി സംസാരിച്ചു നല്ല വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല കിട്ടുന്ന പിച്ചില്‍ കളിക്കുന്നു. പരാതിയില്ല’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ശശി തരൂര്‍ ഇന്ന് ചെന്നൈ സന്ദര്‍ശിക്കും. തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യര്‍ഥിക്കും. ചെന്നൈ സന്ദര്‍ശനത്തില്‍ 75 മുതല്‍ 100 വരെ ടിഎന്‍സിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂര്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടിഎന്‍സിസി ഓഫീസായ സത്യമൂര്‍ത്തി ഭവനില്‍ ഡോ.തരൂര്‍ മാധ്യമങ്ങളെ കാണും. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി വൈകുന്നേരം 6 മണിക്ക് തരൂര്‍ സംവദിക്കും.