മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി; ഫിഷറീസ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യയും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് സംഘത്തിലുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കർ പിണറായി വിജയനെയും സംഘത്തെയും സ്വീകരിച്ചു.

നോർവേ ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. നോർവേയിൽ സന്ദർശനം നടത്തിയ ശേഷം ബ്രിട്ടനിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജായിരിക്കും ഈ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നത്.

രണ്ട് ദിവസം മുൻപ് ഫിൻലൻഡ് പര്യടനത്തോടെ യാത്ര ആരംഭിക്കാനായിരുന്നു മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മോശമായതിനാൽ അവസാന നിമിഷം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവൻ അതൃപ്തി രേഖപ്പെടുത്തി. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നും രാജ്ഭവൻ വിമർശിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങൾ രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്നും രാജ്ഭവൻ വ്യക്തമാക്കി. മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിയപ്പോഴാണ് യാത്രയെ കുറിച്ച് ഗവർണറെ അറിയിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കി.