ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി കേന്ദ്ര തെരഞ്ഞൈടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ധനസമാഹരണ മാർഗം വ്യക്തമാക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയക്കുകയും ചെയ്തു.
വിശദാംശങ്ങൾ ഒക്ടോബർ 19നുള്ളിൽ കൈമാറണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും അതിന്റെ ധനസമാഹരണ മാർഗവും അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കും, എത്രപേർക്ക് ഗുണം ലഭിക്കും, ഖജനാവിന് എത്ര ബാധ്യത വരുത്തും, സാമ്പത്തിക സ്രോതസ് എന്താണ് തുടങ്ങിയ വിവരങ്ങളായിരിക്കും ഇനി വിശദീകരിക്കേണ്ടി വരിക.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. നടപ്പാക്കാവുന്ന വാഗ്ദാനങ്ങൾ നൽകിവേണം ജനങ്ങളുടെ വിശ്വാസം ആർജിക്കേണ്ടത്. വോട്ടർമാർക്ക് ഇക്കാര്യത്തിൽ വ്യക്തത ലഭിക്കണം. വാഗ്ദാനങ്ങൾ യുക്തിഭദ്രമാകണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

