കാബുള്: കാബൂളിലെ ശാഹിദ് മസ്റായി റോഡിലെ പുലെ സുഖ്ത പ്രദേശത്തെ ട്യൂഷന് സെന്ററിലുണ്ടായ ചാവേര് ആക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. 46 പെണ്കുട്ടികളും സ്ത്രീകളും ആക്രമണത്തില് കൊല്ലപ്പെടുകയും 83 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വിദ്യാര്ത്ഥികള് സര്വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
അതേസമയം, ആക്രമണത്തെ യുഎന് അടക്കമുള്ള അന്താരാഷ്ട്ര ഏജന്സികള് അപലപിച്ചു. ആക്രമണത്തില് ഹസാരെ വിഭാഗത്തിലുള്ള സ്ത്രീകള് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു. ന്യൂനപക്ഷ വംശഹത്യയാണ് അഫ്ഗാനില് നടക്കുന്നതെന്നും അവകാശങ്ങള് സംരക്ഷിക്കണമെന്നും പ്രതിഷേധക്കാര് ആവശ്യപ്പെട്ടു. താലിബാന്റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില് ഹസാര ന്യൂനപക്ഷങ്ങള്ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള് വര്ധിച്ചിരുന്നു. ആക്രമണം നടക്കുമ്പോള് മുറിയില് 600 ഓളം പേര് ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാര്ത്ഥി എഎഫ്പിയോട് വ്യക്തമാക്കി.
പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുമെന്ന് പറഞ്ഞാണ് താലിബാന് അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തില് നിന്നും താലിബാന് പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള് നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. ആക്രമണത്തെ അപലപിക്കുന്നതായി താലിബാന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

