ആശ്രിത നിയമനം കേവലം ആനുകൂല്യം മാത്രം: സുപ്രീംകോടതി

ആശ്രിത നിയമനം അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും വ്യക്തമാക്കി സുപ്രീംകോടതി. ഫെര്‍ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എന്ന സ്ഥാപനത്തില്‍ ആശ്രിതനിമനം നല്‍കണമെന്ന കേരളത്തില്‍ നിന്നുള്ള യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചാണ് ഉത്തരവിട്ടത്.

അതേസമയം, പിതാവ് സര്‍വീസിലിരിക്കെയാണ് മരണപ്പെട്ടതിനാല്‍ ആശ്രിത നിയമനം ലഭിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, യുവതി അമ്മയോടൊപ്പമല്ല നിലവില്‍ താമസിക്കുന്നതെന്നതിനാലാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയത്. 1995ലാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ കമ്പനിയോട് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഫാക്ട് സുപ്രിംകോടതിയെ സമീപിച്ചത്.

ഒരു വ്യക്തി മരണപ്പെടുമ്പോള്‍ അയാളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് പിന്നീട് ഉപജീവനമാര്‍ഗമില്ലാത്ത ഘട്ടത്തിലാണ് ആനുകൂല്യമെന്ന നിലയില്‍ ആശ്രിത നിയമനം നല്‍കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.