സംസ്ഥാനത്തെ 873 പൊലീസുകാര്‍ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുമായി ബന്ധമുള്ളവരെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ 873 പൊലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുമായി ബന്ധമുള്ളവരുണ്ടെന്ന് എന്‍ ഐ എ ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്ഐമാര്‍, എസ്എച്ച്ഒ അടക്കമുള്ളവരാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണിവര്‍.

അതേസമയം, ഈ 873 പൊലീസ് ഉദ്യോഗസ്ഥരും നിലവില്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്. ഇവര്‍ പൊലീസ് സേനയുടെ നീക്കങ്ങള്‍ പി എഫ് ഐക്ക് ചോര്‍ത്തിക്കൊടുത്തെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. ഇീ പോലീസുകാരുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് ഏജന്‍സി അന്വേഷിച്ചു വരികയാണ്.

ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ പി എഫ് ഐയ്ക്ക് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ തൊടുപുഴയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് നേരത്തെ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. കൂടാതെ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. എ എസ് എ ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു.