തിരുവനന്തപുരം: കോണ്ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില് മത്സരിക്കുന്ന തനിക്ക് സാധാരണ പ്രവര്ത്തകരുടെയും യുവനിരയുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര് പറഞ്ഞു.
‘പാര്ട്ടിയില് മാറ്റം വേണമെന്നും നിങ്ങളിലാണ് പ്രതീക്ഷയെന്നുമൊക്കെയാണ് പ്രവര്ത്തകര് പറഞ്ഞത്. എതിര് സ്ഥാനാര്ത്ഥിയായ മല്ലികാര്ജുന് ഖാര്ഗെയ്ക്ക് കെ പി സി സി അദ്ധ്യക്ഷന് കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. തിരഞ്ഞെടുപ്പില് ഹൈക്കമാന്ഡ് നിഷ്പക്ഷ നിലപാടാണ് കൈക്കൊണ്ടത്. കൂടാതെ പി സി സി അദ്ധ്യക്ഷന്മാര് പരസ്യ പിന്തുണ പ്രഖ്യാപിക്കരുതെന്ന് പ്രത്യേകം നിര്ദേശിച്ചിട്ടുണ്ട്. ചിലപ്പോള് സുധാകരന് അത് അറിഞ്ഞുകാണില്ല. സുധാകരനെ നേരില് കണ്ട് സംസാരിക്കും’- തരൂര് വ്യക്തമാക്കി.
നാമനിര്ദേശ പത്രിക നല്കിയ ശേഷം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

