മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനം ആരംഭിച്ചു; ആദ്യ പര്യടനം നേർവേയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം ആരംഭിച്ചു. പുലർച്ചെ 3.30-ന് കൊച്ചിയിൽ നിന്നാണ് അദ്ദേഹം വിമാനം കയറിയത്. നോർവേയിലേക്കാണ് ആദ്യ സന്ദർശനം നടത്തുന്നത്.

പി രാജീവ് വി അബ്ദുറഹ്മാൻ തുടങ്ങിയ മന്ത്രിമാർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നോർവ്വേയിൽ സന്ദർശനം നടത്തിയ ശേഷം ബ്രിട്ടനിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജായിരിക്കും ഈ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നത്.

രണ്ട് ദിവസം മുൻപ് ഫിൻലൻഡ് പര്യടനത്തോടെ യാത്ര ആരംഭിക്കാനായിരുന്നു മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മോശമായതിനാൽ അവസാന നിമിഷം യാത്ര മാറ്റിവച്ചു. പിന്നീട് കോടിയേരി അന്തരിച്ചു. കോടിയേരിയുടെ മരണത്തെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയിരുന്നു. പയ്യാമ്പലം കടപ്പുറത്ത് നടന്ന സംസ്‌കാര ചടങ്ങിലും അനുസ്മരണ യോഗത്തിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം കണ്ണൂരിൽ നിന്നും മടങ്ങിയത്.