തെറ്റിദ്ധാരണകളിൽ പെട്ടുപോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി മുസ്ലീം ലീഗിന്റെ വാതിലുകൾ തുറന്നുവയ്ക്കും; കെ എം ഷാജി

മലപ്പുറം: തെറ്റിദ്ധരിച്ചുപോയ എൻഡിഎഫിന്റെ കുട്ടികൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലേക്ക് തിരിച്ചുവരണമെന്നും അവർ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. തെറ്റിദ്ധാരണകളിൽ പെട്ടുപോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി മുസ്ലീം ലീഗിന്റെ വാതിലുകൾ തുറന്നുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിൽ ‘മഹാത്മ സമാധാനത്തിന്റെ രാഷ്ട്രീയം’എന്ന പേരിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എൻഡിഎഫിലേക്ക് നിരവധി കുട്ടികൾ പെട്ടുപോയിട്ടുണ്ട്. തീവ്രവാദിയെന്ന് ചാപ്പകുപ്പി ആ കുട്ടികളെ തെരുവിൽ തള്ളിയിടുകയാണോ വേണ്ടതെന്ന് കെ എം ഷാജി ചോദിക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ അടുക്കള വാതിലിലൂടെ കടന്നുചെന്ന് അവരുടെ വോട്ട് വാങ്ങി പെട്ടിയിലിടുകയാണോ വേണ്ടതെന്നും ഷാജി ചോദിച്ചു. എൻഡിഎഫിന്റെ രൂപീകരണ കാലം മുതൽ അതിനെ എതിർത്തത് ലീഗാണ്. വോട്ടുകൾ എണ്ണിനോക്കുമ്പോൾ ജയിക്കാൻ ചെറിയ വോട്ടുകളുടെ വ്യത്യാസമുണ്ടായിട്ടും എൻഡിഎഫിന്റെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകൾ തങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞ പാർട്ടിയാണ് ലീഗ്. അന്ന് ഇരുട്ടിന്റെ മറവിൽ എൻഡിഎഫുകാരന്റെ ഓഫിസിൽ കയറി വോട്ട് കച്ചവടം ചെയ്ത നേതാക്കന്മാർക്ക് തങ്ങൾ പറയുന്നത് മനസിലാകില്ല. പോപ്പുലർ ഫ്രണ്ട് നിരോധിച്ച സംഘടനയാണെങ്കിൽ അതിന് മുമ്പേ നിരോധനം നേരിട്ട സിമി നേതാവിനെ എൽഡിഎഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.