കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി രാഷ്ട്രീയ നേതാക്കൾ; സംസ്കാരം ഇന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ

തലശ്ശരേി: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി രാഷ്ട്രീയ നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുളളവരാണ് അദ്ദേഹത്തിന് അന്ത്യഞ്ജലി അർപ്പിക്കാൻ എത്തിയത്. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശ്ശേരി ടൗൺ ഹാളിൽ എത്തിയാണ് കെ.സുധാകരൻ മുതിർന്ന സിപിഎം നേതാവിന് ആദരാഞ്ജലി അർപ്പിച്ചത്. കോടിയേരിയുടെ മൃതദേഹത്തിന് പുഷ്പചക്രം സമർപ്പിച്ച് അദ്ദേഹം വണങ്ങി.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനരികിലേക്ക് എത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സ്പീക്കർ എ എൻ ഷംസീർ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തുടങ്ങിയവരോടും അദ്ദേഹം സംസാരിച്ചു. അതേസമയം, വടകര എംഎൽഎ കെ കെ രമയും കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അദ്ദേഹം ഉത്തരവ് നൽകി.

തിങ്കളാഴ്ച കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന സംസ്‌കാര ചടങ്ങിൽ മുഴുവൻ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഗൺ സല്യൂട്ടോടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.