ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ വ്യക്തമാക്കി. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തതായാണ് വിവരം.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി എൻഐഎ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ 45 പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് വെച്ച് ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ചെയ്തു.
ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിന്റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.
റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും പിടിച്ചെടുത്തു. കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് പുറത്തു വരുന്നത്.

