നാവികസേനയ്ക്കായി ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ; കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: നാവികസേനയ്ക്കായി ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ. 35 കോടി രൂപ മുടക്കിയാണ് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യ നാവിക സേനയ്ക്കായി മിസൈലുകൾ വാങ്ങുന്നത്. പ്രതിരോധ മന്ത്രാലയം ബ്രഹ്മോസ് എയ്റോസ്പേസുമായി വ്യാഴാഴ്ച മിസൈൽ വാങ്ങുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്റോസ്പേസ്.

രണ്ട് പ്രോജക്റ്റ് 15 ബി കപ്പലുകൾക്കായി 35 കോംബാറ്റ് മിസൈലുകളും, മൂന്ന് പ്രാക്ടീസ് ബ്രഹ്മോസ് മിസൈലുകളും നൽകണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇന്ത്യൻ നാവികസേന കഴിഞ്ഞ വർഷം നവംബറിൽ ആദ്യ യുദ്ധക്കപ്പൽ മുംബൈയിൽ കമ്മീഷൻ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐഎൻഎസ് വിശാഖപട്ടണം, ബ്രഹ്മോസ് കപ്പൽ വേധ മിസൈലിന്റെ നവീകരിച്ച പതിപ്പിന്റെ പരീക്ഷണം എന്നിവയും വിജയകരമായി നടത്തി. ഫെബ്രുവരി 18 നും മറ്റൊരു വിജയകരമായ പരീക്ഷണ വെടിവെയ്പ്പ് നടന്നിരുന്നു.

അതേസമയം, വിശാഖപട്ടണം ക്ലാസിന് കീഴിൽ, മൊത്തം നാല് യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്താനാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ യുദ്ധക്കപ്പലുകളെത്തുക.