കണ്ണൂര് ചരിത്ര കോണ്ഗ്രസില് ഗവര്ണര്ക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല എന്നത് നിയമോപദേശത്തില് പരാമര്ശിച്ചതിനാലാണ് പോലീസ് കേസെടുക്കാഞ്ഞതെന്ന് റിപ്പോര്ട്ട്. ഐപിസി 124 നിലനില്ക്കില്ലെന്നും ഗവര്ണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയില് നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
അതേസമയം, ഗവര്ണര് ഈ ആരോപണങ്ങളൊക്കെ പറഞ്ഞതിന് പിന്നാലെ കണ്ണൂര് ടൗണ് പോലീസിന് ഒരു പരാതി ലഭിച്ചു. ഇതിന് പിന്നാലെയാണ് കണ്ണൂര് ടൗണ് പോലീസ്, സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് ജില്ലാ ഗവണ്മെന്റ് പ്ലീഡര് കൂടിയായ കെ അജിത് കുമാറില് നിന്ന് നിയമോപദേശം തേടിയത്. ആ നിയമോപദേശത്തിലാണ് ഇത് സംബന്ധിച്ച് വിശദമായ കാര്യങ്ങള് പറയുന്നത്. ഏതെങ്കിലും തരത്തില് ഗവര്ണര്ക്ക് വേദിയില് നിന്ന് പ്രസംഗം ഉപേക്ഷിച്ച് മടങ്ങേണ്ട ഒരു നില വന്നിട്ടില്ല. ആ തരത്തില് കയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഈ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നത്.
ഉന്നത ഉദ്യോഗസ്ഥരും ഗവര്ണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയും വേദിയിലുണ്ടായിരുന്നു. ഏതെങ്കിലും തരത്തില് ഇങ്ങനെ ഒരു കുറ്റകൃത്യം നടന്നു എന്ന് പോലീസിനു തോന്നിയാല് ചെയ്താല് അപ്പോള് തന്നെ കേസെടുക്കാം. അതിന്മേല് തുടര്നടപടികള് സ്വീകരിക്കാം. സാധാരണ ഗതിയില് ഗവര്ണര്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നു എന്ന് കണ്ടാല് സ്വാഭാവികമായും അത് എഡിസി റിപ്പോര്ട്ട് ചെയ്യും. അങ്ങനെ ഒരു റിപ്പോര്ട്ട് എഡിസിയില് നിന്ന് ലഭിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരില് നിന്നും അത്തരമൊരു റിപ്പോര്ട്ട് ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ അത്തരമൊരു കേസിന്റെ സാഹചര്യം നിലനില്ക്കില്ല എന്നതാണ് നിയമോപദേശത്തില് വ്യക്തമാക്കുന്നത്.

