കൊച്ചി: റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. റോഡിലെ കുഴികൾ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും സംസ്ഥാനത്ത് റോഡുകളിൽ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്നും കോടതി വ്യക്തമാക്കി. റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. എൻജിനീയർമാർ എന്തിനാണെന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു.
റോഡുകളിലെ മരണങ്ങളുടെ പേരിൽ ഒറ്റ ഉദ്യോഗസ്ഥനെയെങ്കിലും പ്രോസിക്യൂട്ട് ചെയ്തോയെന്നും ഹൈക്കോടതി ചോദിക്കുന്നു. സ്കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണുമരിച്ച ആലുവ-പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണി 10 ദിവസത്തിനുള്ളിൽ തീർക്കണമെന്നും കോടതി നിർദ്ദേശം നൽകി.
ഒറ്റദിവസംകൊണ്ടല്ല, നിരവധി ദിവസങ്ങൾക്കൊണ്ടാണ് റോഡിൽ കുഴികൾ രൂപം കൊണ്ടത്. ഇക്കാര്യം എന്തുകൊണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വീട്ടിൽ നിന്നും യാത്ര പുറപ്പെട്ടാൽ ജീവനോടെ മടങ്ങിയെത്താനാവാത്ത അവസ്ഥയാണ് സംസ്ഥാനത്തെ റോഡുകളിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, റോഡിലെ കുഴികൾ യഥാസമയം ചീഫ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കോടതിയിൽ ഹാജരായ എൻജിനീയർമാർ അറിയിച്ചു. റോഡ് നവീകരണത്തിനായി കിഫ്ബിയെ ഏൽപ്പിച്ചിരുന്നു. കിഫ്ബിയുടെ നിർദ്ദേശമുള്ളതിനാലാണ് അറ്റകുറ്റപ്പണികൾ നടത്താതിരുന്നത്. റോഡ് തകർന്നു കിടന്നാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനമില്ലെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

