കൊച്ചി: കോണ്ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നാളെ എറണാകുളം ജില്ലയില് പര്യടനം തുടങ്ങും. രണ്ട് ദിവസത്തെ എറണാകുളം പര്യടനം അവസാനിച്ചാല് 22ന് രാത്രിയോടെ രാഹുല് ഗാന്ധി ഡല്ഹിക്ക് തിരിക്കും.
നാളെ രാവിലെ 6.30ന് കുമ്പളം ടോള് പ്ലാസയില് നിന്നാണ് ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം തുടങ്ങുക. 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്റ് ജോര്ജ് പള്ളി പരിസരത്ത് അവസാനിപ്പിക്കും. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രവര്ത്തകരാണ് രാവിലെ യാത്രയെ അനുഗമിക്കുക. വൈകീട്ട് നാലരയോടെ ഇടപ്പള്ളിയില് നിന്ന് യാത്ര ആലുവയിലേക്ക് തിരിക്കും. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുല് ഗാന്ധി സംസാരിക്കും. ആദ്യ ദിവസത്തെ യാത്രക്ക് ശേഷം രാഹുലും സംഘവും ആലുവ യുസി കോളേജില് തങ്ങും. വ്യാഴാഴ്ച ആലുവ ദേശം കവലയില് നിന്നാണ് വീണ്ടും പര്യടനം തുടങ്ങുക. തുടര്ന്ന് അങ്കമാലി കറുകുറ്റിയില് യാത്ര അവസാനിക്കും. അങ്കമാലി അഡ്ലക്സ് സെന്ററില് രാഹുല് ഗാന്ധി ഉച്ചക്ക് വാര്ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. കളമശ്ശേരിയിലെ ഞാലകം സെന്ററില്, രാഹുല്, ട്രാന്സ്ജന്ഡറുകള്, ഐടി പ്രൊഫഷണലുകള്, സാംസ്കാരിക പ്രവര്ത്തകര് എന്നിവരുമായി നാളെ ഉച്ചക്ക് രാഹുല് കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
അതേസമയം, ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയില് ഗതാഗത ക്രമീകരണം ഏര്പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വലിയ കണ്ടെയ്നറുകള്ക്ക് ദേശീയപാതയില് പ്രവേശനം ഉണ്ടാകില്ല. അങ്കമാലിയില് നിന്ന് എംസി റോഡ് വഴി ഇവ തിരിഞ്ഞു പോകണം. നാളെ കൊച്ചിയില് നിന്ന് ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാര് കണ്ണമാലി ചെല്ലാനം തീരദേശ റോഡ് വഴി പോകണം.

