മകളുടെ മുന്നില്‍ വെച്ച് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍; സംഭവം കാട്ടാക്കടയില്‍

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ന് രാവിലെ മകളുടെ മുന്നില്‍ വെച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനാണ് മര്‍ദനത്തിനിരയായത്. വിദ്യാര്‍ത്ഥിയായ മകളുടെ കണ്‍സഷനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

മകളുടെ കണ്‍സഷന്‍ അപേക്ഷിക്കാനായി ഡിപ്പോയില്‍ എത്തിയതായിരുന്നു പ്രേമനും മകളും. മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കണ്‍സഷന്‍ നല്‍കണമെങ്കില്‍ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും ജീവനക്കാര്‍ മറുപടി നല്‍കി. എന്നാല്‍, കഴിഞ്ഞ മൂന്ന് മാസമായി താന്‍ ഇതിനായി നടക്കുകയാണെന്നും കണ്‍സഷന്‍ നല്‍കണമെന്നും പ്രേമന്‍ ആവശ്യപ്പെട്ടു. പക്ഷെ കണ്‍സഷന്‍ നല്‍കാന്‍ ജീവനക്കാര്‍ തയാറാവാതെ വരികയും തുടര്‍ന്നുണ്ടായ തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഈ അവസ്ഥയ്ക്ക് കാരണം ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടിയാണെന്ന് പ്രേമന്‍ പറഞ്ഞതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, കയ്യൂക്ക് കാണിക്കേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ഓഫീസ് എന്ന്് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി എം.ഡിയോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.