‘മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല’; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കൂ എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിക്ക് മ്യൂസിയത്തിന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് കെ.എം ബഷീര്‍ മരിക്കുന്നത്. കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു വാഹനം. ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍ അബ്ദുറഹ്മാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്.