എല്ലാവര്ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്.എമാരെന്ന് കെ.ടി ജലീല്. സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമര്ശനത്തിന് ഫേസ്ബുക്കില് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
‘മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്ക്ക് ചൂട്ടു പിടിക്കുന്നവര് ആത്യന്തികമായി ദുര്ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്വ്വം ആലോചിച്ചാല് നന്നാകും. യഥാര്ത്ഥ മതനിരപേക്ഷ മനസ്സുകള് ആന കുത്തിയാലും നില്ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില് ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നല്കണം’- ജലീല് കുറിച്ചു.
മതനിരപേക്ഷ മനസ്സുകളെ ജലീലും അന്വറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമര്ശനം. ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജലീല് ഉയര്ത്തിയ വിവാദ പ്രസ്താവനകള് മത നിരപേക്ഷ മനസ്സുകളെ അകറ്റിയെന്നും ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്വര് അപഹാസ്യമാക്കിയെന്നും അഭിപ്രായമുയര്ന്നിരുന്നു.

